അഴകിയകാവ് ഭഗവതിക്ഷേത്രം
“കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗ ഖേട കപാല ദാരികശിരഃകൃത്വാ കരാഗ്രഷുച ഭൂത പ്രേത പിശാചമാതൃസവിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ട മസൂരികാദി വിപദാം സംഹാരിണീമീശ്വരീം”
എന്ന ധ്യാന ശ്ലോകത്തിന്റെ അർത്ഥത്തിന് സങ്കല്പ ത്തിൽ അനുയോജ്യമായി ഭദ്രകാളി ആരാധിച്ചു വരുന്ന അത്യുഗചൈതന്യമുള്ള ദേവിയാണ് പ്രധാനമൂർത്തിയായ അഴകിയകാവ് ഭഗവതി. ദാരിക നിഗ്രഹത്തിനായി ഉടലെടുത്തപ്പോഴുള്ള രൗദ്രഭാവത്തോ ടൊപ്പം മാതൃസ്വരൂപിണിയായ ദുർഗ്ഗയുടെ സൗമ്യ ഭാവവും ദേവിക്കുണ്ട്.
ഈ ഭദ്രകാളി ചൈതന്യം ശിവലിംഗരൂപത്തിലുള്ള ശിലാബിംബത്തിലാണ് കുടിവെച്ചിരിക്കുന്നത്. ഇതിനുപിന്നിലായി ചാന്താടുന്നതിനായി 18 കൈകളോടെ തീർത്തിട്ടുള്ള ഒരു ചാന്താട്ട് ബിംബവുമുണ്ട്. ഇതിൽ മീനമാസത്തിലെ ഭരണിയാഘോഷത്തോട് ബന്ധപ്പെട്ട് ഭരണിനാളിൽ ചാന്താട്ടം നടത്താറുണ്ട്. ഒരു മഹാക്ഷേത്രത്തിന്റെ എല്ലാവിധ അംഗങ്ങളോടും കൂടി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഈ ദേവിക്ക് അഷ്ടദിക്ക് പാലക ബലിപീഠങ്ങൾ, സപ്തമാതൃക്കല്ലുകൾ, വലിയ ബലികല്ല്, നിർമാല്യധാരി, എന്നീ ബലിശിലകളും സ്ഥാപിച്ചു. സപ്തമാതൃകൾക്ക് പ്രാധാന്യം കൽപ്പിച്ച് അവരുടെ ധ്യാനത്തിനനുസൃതമായി ബിംബങ്ങൾ ഉണ്ടാക്കി ചതുശ്ശാലയുടെ ദക്ഷിണഭാഗത്ത് കുടിവെച്ച് ആരാധിച്ചിരുന്നു. ഒൻപത് സർപ്പചൈതന്യങ്ങൾ ഇവിടെ കാണുന്ന തിൽ ഒന്ന് സപ്തമാതൃ വിഗ്രഹങ്ങൾ ഇരിക്കുന്ന അറയിലാണ്. കൂടാതെ കന്നിരാശിയിൽ കുടിവെച്ചാരാധിച്ചു വരുന്ന സർപ്പചൈതന്യങ്ങൾ വേറെയുമുണ്ട്. ഇവയിൽ നാഗരാജാവ്, നാഗയക്ഷി എന്നിവ പുരാതനവും മറ്റുള്ളവ പിന്നീട് വന്നുചേർന്നി ട്ടുള്ളവയുമാണ്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ കന്നിരാശി പദത്തിൽ ഗണപതിയേയും പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നുണ്ട്.

ആദികാലത്തുതന്നെ ഇവിടെ ഒരു ശിവചൈതന്യമുണ്ടായിരുന്നു. ഈ ചൈതന്യത്തെ പിന്നീട് മീന രാശിയിൽ പശ്ചിമാഭിമുഖമായി ദേവാലയമുണ്ടാക്കി ഉപ ദേവതാസ്വഭാവത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ശിവന്റെ വലതുവശം പ്രത്യേക ക്ഷേത്രമുണ്ടാക്കി യക്ഷിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് “വടയക്ഷി” യാണ്. പണ്ട് ക്ഷേത്രത്തിനു വെളിയിൽ ഒരു ആൽവൃക്ഷത്തിൽ ബന്ധപ്പെട്ടുണ്ടായിരുന്ന യക്ഷീ
ചൈതന്യത്തെ ആവാഹിച്ച് കുടിവെച്ചിട്ടുള്ളതാണ് ഇപ്പോഴുള്ള യക്ഷിക്ഷേത്രം.
അഞ്ചാം പ്രാകാരത്തിനകത്ത് കന്നിരാശി പദത്തിൽ പൂർവാഭിമുഖമായി ശാസ്താവിനെയും പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു.ക്ഷേത്രത്തിന്റെ മിഥുനം രാശിയിൽ “ബ്രഹ്മരക്ഷസ്സ്”. “വീരരക്ഷസ്സ്, എന്നിവരേയും കുടിവെച്ച് ആരാധിച്ചുവരുന്നു. വാടയ്ക്ക് പുറത്ത് തെക്കു പദമുള്ള വിശാലമായ വെളിയിലെ ഒരു ആൽചുവട്ടിൽ “ഹനുമാനെയും” സങ്കൽപ്പിക്കുന്നുണ്ട്.
ഐതിഹ്യവും തുടർ ചരിത്രവും
ഏകദേശം 800 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രം. ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലം ഒരു വനപ്രദേശമായിരുന്നു. അക്കാലത്ത്, കരിക്ക് കച്ചവടം ചെയ്തു ഉപജീവനം കഴിച്ചിരുന്ന ഒരു പരദേശബ്രാഹ്മണൻ ഒരു നാൾകരിക്കുമായി ഈ വനത്തിലൂടെ പോകുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ അവിടെ വന്ന് കടമായി ഒരു കരിക്ക് വാങ്ങിച്ചു. വൈകുന്നേരം മടങ്ങിവരുമ്പോൾ കടം തീർക്കാമെന്ന് പറയുകയും ചെയ്യ്തു.എന്നാൽ ആ ബ്രാഹ്മണൻ മടങ്ങിവന്നപ്പോൾ ആ സ്ത്രീയെ അവിടെയൊന്നും കണ്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ആ സ്ത്രീയെ കാണാതെ വന്നപ്പോൾ ജനങ്ങൾ വനത്തിൽ (കാവിൽ) പ്രവേശിച്ചു. അപ്പോൾ അവിടെ ദിവ്യമായ ഒരു ചൈതന്യം ദൃശ്യമായി. ഇവിടം ഇന്ന് ശ്രീമൂലസ്ഥാനമായി സങ്കൽപ്പിച്ച് ആരാധിച്ചു വരുന്നു. അതോടുകൂടി അവിടെ ദേവീസങ്കല്പത്തിൽ പൂജ നടത്തുകയും തുടർന്ന് ആ ദേവീചൈതന്യത്തെ സങ്കൽപ്പിച്ച് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള പരദേശ ബ്രാഹ്മണരുടെ വേതാള ക്ഷേത്രത്തിൽ ദേവിയെ ആവാഹിച്ച് നിവേദ്യാദികളോടെ പൂജ തുടരുകയും ചെയ്തു. അന്ന് മഹാലക്ഷ്മി സങ്കൽപ്പത്തിലാണ് പൂജിച്ചിരുന്നത്. ക്രമേണ ആ ചൈതന്യത്തെ ക്ഷേത്രസങ്കേതത്തിലുള്ള കൊട്ടാരത്തിൽ പൂജിക്കുവാൻ തുടങ്ങി. എന്നാൽ പിന്നീട് ഈ ദേവീചൈതന്യം ക്ഷേത്രത്തിന്റെ വടക്കുഭാഗം പവിഴമല്ലി
പോലെ കാണുന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് ഇന്നുകാണുന്ന സ്ഥാനത്ത് ഒരു ശ്രീകോവിൽ പണിയിച്ച് ഭദ്രകാളി സങ്കല്പത്തിൽ കുടിയിരുത്തി ആരാധിച്ചു തുടങ്ങിയത്.
പിൽകാലത്ത് കൊച്ചീരാജവംശമായി അറിയപ്പെട്ട പെരുമ്പടപ്പ് സ്വരൂപവുമായി ഈ ക്ഷേത്രത്തിന് ബന്ധം വന്നതോടെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും രാജകീയ പ്രൗഢി കൈവരുകയുണ്ടായി.
1989 ൽ നടത്തിയ അഷ്ടമംഗല പ്രശ്നചാർത്തിൽ ഇത് താഴെപറയും പ്രകാരമാണ് പരാ മർശിച്ചുകാണുന്നത്“ ഈ ദേവാലയത്തിന്റെ ധനുരാശി പദത്തിൽ ഈക്ഷേത്രത്തിന്റെ അധികാരികൾ താമസി ച്ചിരുന്നു. ആ കുടുംബത്തിൽ രാജകീയ വിവാഹം നടന്നതോടുകൂടി ക്ഷേത്രം രാജകീയ സ്വഭാവത്തിൽ ഉള്ളതായി.” ഈ കുടുംബം ഒരു ശൂദ്രപ്രഭുകുടുംബമാണെന്നും പ്രശ്നചാർത്തിൽ പരാമർശം ഉണ്ട്. അഞ്ചികൈമൾ ഡിസ്ട്രിക്റ്റ് കോർട്ട് മുമ്പാകെ അഴകിയകാവ് ദേവസ്വം മുതൽപിടി തേവർകാട് കേശവ മേനോൻ ഒരു അവകാശതർക്ക കേസ്സിൽ നൽകിയ സാക്ഷി മൊഴിയിൽ ഇപ്രകാരം കാണുന്നു. “വടക്കും തോടത്ത് മരിച്ച ശങ്കുശ്ശെട്ടിയാരേയും, കൃഷ്ണശ്ശെട്ടിയാ രേയും അറിയാം………”“അഴകിയകാവ് ദേവസ്വം വകഈട് വെയ്പ്പുകളെല്ലാം ഉള്ളറയിലാണ് വെക്കുന്നത്. പുറത്തെ അറയുടെ തക്കോൽ മുതൽ പിടിക്കാരന്റെയും മേന്റെയും കൈവശമാണ്. ഉള്ളറയുടെ തക്കോൽ വടക്കുംതോടത്താണ് ഇരിപ്പ്… മരിക്കുന്നതുവരെ ഇതിന്റെ താക്കോൽ കൃഷ്ണശ്ശെട്ടിയാരുടെ കൈവശം ആയിരുന്നു.ദേവി പണ്ട് വാങ്ങിയ കരിക്കിന്റെ കടം എത്രയും വേഗം വീട്ടാൻ ദേവി ആഗ്രഹിക്കുന്നതായി അഷ്ഠമംഗല്യപ്രശ്ന വശാൽ തെളിഞ്ഞതനുസരിച്ച് കടം 101 രൂപയായി നിശ്ചയിച്ച് ഒഴിവുകണ്ട് വേമ്പ്രക്കാട്ട് കുടും ബത്തിന്റെ പ്രതിനിധിക്ക് നൽകുകയുണ്ടായി.
പള്ളുരുത്തിയുടെ ചരിത്രബന്ധം
History and origin of Palluruthy
കെ. പി. പത്മനാഭമേനോൻ തന്റെ “കൊച്ചി രാജചരിത്രം” എന്ന പുസ്തകത്തിൽ ഇപ്രകാരം പരാമർശിക്കുന്നു.പൊന്നാനി താലൂക്കിൽപ്പെട്ട വന്ദേരി ചിത്രകുട ത്തിൽ വാണിരുന്ന രാജവംശത്തെയാണ് “പെരുമ്പടപ്പ് സ്വരൂപം” എന്നുപറഞ്ഞിരുന്നത്. പൊന്നാനി താലൂ ക്കിൽ “പെരുമ്പടപ്പ്” എന്നൊരു സ്ഥലം ഇപ്പോഴുമുണ്ട്.കോഴിക്കോട് സാമൂതിരിയുടെ നിരന്തരമായ ആക്രമണം കൊണ്ട് പൊറുതിമുട്ടിയ ഈ രാജവംശം അവിടെ നിന്ന് പലായനം ചെയ്ത് പള്ളുരുത്തിയിൽ എത്തി ചേർന്നു. ഈ പെരുമ്പടപ്പ് സ്വരൂപ ക്കാരുടെ കൊച്ചിയിലെ ആദ്യത്തെ ആസ്ഥാനംപള്ളുരുത്തി ആയിരുന്നു. പിന്നീട് അത് മട്ടാഞ്ചേരിയിലേക്കും പിന്നെ വെള്ളാരപ്പിള്ളിയിലേയ്ക്കും അവിടെ നിന്ന് തൃപ്പൂണിത്തുറയി ലേയ്ക്കും മാറ്റുകയാണുണ്ടായത്. രാജധാനി തൃപ്പൂ ണിത്തുറയിലേക്ക് മാറ്റിയിട്ടും കൊച്ചി രാജാക്കന്മാർ പള്ളുരുത്തി അഴ കി യ കാ വിൽ ദർശനത്തിന് വരാറുണ്ടായിരുന്നു. . രാജാവ് എഴുന്നള്ളുമ്പോൾ താമ സിക്കുവാൻ ഉണ്ടാക്കിയതാണ് കൊട്ടാരം. വന്ദേരിയിലെ പെരുമ്പടപ്പ് സ്വരൂപത്തിന്റെ അഞ്ച് താവഴികളിൽ ഒന്ന് പള്ളിവിരുത്തി കോവിലകം ആയിരുന്നു. ഈ രാജവംശത്തിന്റെ ആവിർഭാവത്തോടു കൂടി ഇവിടെ പെരുമ്പടപ്പ് എന്നൊരു ദേശവും രൂപാന്തരപ്പെട്ടു. അത് ഇപ്പോഴത്തെ കൊവേന്ത പള്ളി പ്രദേശവും പെരുമാൾകുളവും ഉൾപ്പെട്ടതാകുന്നു. ഇവർ ഇവരുടെ കുടുംബ ഭരദേവതയായ പഴയന്നൂർ ഭഗവതിയെ ആവാഹിച്ച് കൊണ്ടുവന്ന് ഡച്ചുപാലസ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി കോവിലകത്ത് പ്രതിഷ്ഠിച്ചു. മട്ടാഞ്ചേരി വാസ കാലഘട്ടം മുതൽ പെരുമ്പടപ്പ് സ്വരൂപം “കൊച്ചി രാജ വംശം” എന്നറിയപ്പെട്ടുതുടങ്ങി. സാമൂതിരിയുമായി പള്ളുരുത്തിയിൽ വെച്ച് ധാരാളം യുദ്ധങ്ങൾ നടന്നതായി രേഖകൾ ഉണ്ട്. അന്ന് പള്ളുരുത്തിയിൽ വട്ടത്തറവെളിയും അതിനു പടിഞ്ഞാറുവശത്ത് ഏറനാട് വെളിയും ഉണ്ടായിരുന്നു. ഈ പ്രദേശത്തുവച്ചാണ് യുദ്ധം നടന്നത്. സാമൂതിരിക്കെതിരെ പോർട്ടുഗീസുമായി സഖ്യം ചെയ്ത കൊച്ചി രാജാവ് അവരുമായി അകലാനുണ്ടായ കാരണം കൊച്ചികോട്ടയുടെ അധിപനായിരുന്ന ഫ്രാൻസിസ് ഡിസിൽവ 1549-ൽ പള്ളുരുത്തി ക്ഷേത്ര ത്തിൽ നടത്തിയ കൊള്ളയാണ്. ഇപ്പറയുന്ന ക്ഷേത്രം, പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രമാകുവാനാണ് സാധ്യത. പള്ളുരുത്തി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലനാമങ്ങൾ ഈ രാജവംശവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാകാം.“പള്ളുരുത്തി” എന്ന് ഈ പ്രദേശത്തിന് പേരു വന്നതിനെ കുറിച്ച് ഇപ്രകാരം പറയുന്നു കൊച്ചി മഹാരാജാവ് എല്ലാ മലായാളമാസം ഒന്നാം തീയ്യതിയും അഴകിയകാവ് ക്ഷേത്രത്തിൽ തൊഴാൻ എത്തും. പള്ളിയോടത്തിലാണ് ആ യാത്ര. വരവിനിടയിൽ വടക്കുംതോടം വീട്ടിൽ രാജാവ് വിശ്രമിക്കാനായി കയറും. പള്ളിയിരുത്താനായി” കയറും എന്നതാണ് രാജഭാഷ. അങ്ങനെ ഈ പ്രദേശം തന്നെ “പള്ളിയിരുത്തി” എന്നറിയപ്പെട്ടു. പിന്നിട് പള്ളുരുത്തിയായി മാറി. പെരുമ്പടപ്പ് രാജാവംശത്തിന്റെ ആശ്രിത കുടും ബങ്ങളിൽ ഒന്നായിരുന്നു പുത്തേഴത്ത് കുടുംബം. കോവിലകത്തെ പട്ടോല മേനോൻ സ്ഥാനവും കലവറയും” പരമ്പരയായി ഈ വീട്ടുകാർക്കായിരുന്നു.പാടുകളിൽ “കൂറും”(പങ്ക് / ഭാഗം) ഉണ്ടായിരു ന്നു. കുടുംബഭരദേവതയായി കരുതിപോന്നിരുന്ന പള്ളുരുത്തി ഭഗവതിയെ കൊല്ലത്തിൽ ഒരിക്കലെങ്കിലും പുത്തേഴത്തുകാർ സന്ദർശിച്ച് വഴിപാടുകൾ നടത്തിപ്പോരുന്നുണ്ട്.(പുത്തേഴത്ത് രാമൻമേനോന്റെ കാഴ്ചപാടുകൾ എന്ന പുസ്തകത്തിൽ നിന്നും.)

താലപ്പൊലിയും മീനഭരണിയും
പാട്ട് താലപ്പൊലി
മകരം 1 മുതൽ 21 ദിവസം കഴിഞ്ഞുവരുന്ന, ദേവിയുടെ കൊടിയാഴ്ചകളായ ഞായർ,ചൊവ്വ, വെള്ളി, എന്നി ദിവസങ്ങളിലൊന്നിൽ അവസാനിക്കുന്നതാണ് പാട്ട് താലപ്പൊലി. ഈ ദിവസങ്ങളിൽ നിത്യേന രാവി ലെ ഉച്ചപൂജയ്ക്ക് ശേഷവും രാത്രി അത്താഴപൂജയ്ക്ക് ശേഷവും ബ്രാഹ്മണിയമ്മ ബ്രാഹ്മണിപ്പാട്ട് നടത്തും. ദേവിയെ വലിയമ്പലത്തിൽ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ചിട്ടുള്ള പാട്ടമ്പലത്തി എഴുന്നള്ളിച്ചിരുത്തി നടത്തുന്ന പൂജയുടെ ഭാഗമായി ബ്രാഹ്മണിയമ്മ ദേവീസ് തുതികൾ പാടുന്ന അനുഷ്ഠാനമാണ് ബ്രാഹ്മണിപ്പാട്ട് രാവിലെ മൂന്നു മടയും രാത്രി ഒരു മടയുമാണ് പാട്ട്. രാവിലെ ശ്രീകോവിലിൽ നിന്നും പാട്ട് മ്പലത്തിലേയ്ക്കും രാത്രി പാട്ടിനു ശേഷം തിരിച്ച് ശ്രീകോവിലിലേയ്ക്കും ദേവിയെ എഴുന്നള്ളിക്കുമ്പോൾ ബ്രാഹ്മണിയമ്മ അനുഗമിക്കും. പണ്ട് എല്ലാദിവസവും വലിയമ്പലത്തിൽ പഞ്ചവർണ്ണപ്പൊടികൊണ്ട് നാല്, എട്ട്, പതിനാറ് എന്നിങ്ങനെ കരങ്ങളുള്ള ഭദ്രകാളി രൂപ ത്തിന്റെ കളമെഴുതി പൂജിച്ച് ദേവീ സാന്നിദ്ധ്യം ആവാ ഹിച്ചതിനുശേഷം ദേവീസ്തുതികൾ പാടി സ്തുതിക്കുന്ന കളമെഴുതി പാട്ടും നടത്തിവരുന്നു. മാരാർമാരാണ് സാധാരണയായി കളമെഴുതുന്നതും പാടുന്നതും. പണ്ട് മകരം ഒന്നുമുതൽ എല്ലാദിവസവും രാത്രി ക്ഷേത്രാങ്കണത്തിൽ ഒരാനപ്പുറത്ത് എതിരേൽപ്പ് നടത്തിയിരുന്നു. പതിനെട്ടു ദിവസത്തെ പാട്ടിനുശേഷം മാത്രമെ ദേവിയെ ക്ഷേത്രാങ്കണത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ചിരുന്നുള്ളു. പറയ്ക്ക് ശേഷം രാത്രി എഴുന്നള്ളിപ്പ് തെക്ക് ഭാഗത്തുള്ള നിലാട്ടുതറവരെ പോയി തിരിച്ചെഴുന്നള്ളുകയാണ് പതിവ്. നിത്യേനയുള്ള രാത്രി എതിരേൽപ്പ് നിർത്തിയെങ്കിലും പുറത്തേക്കുള്ള എഴുന്നള്ളിപ്പ് അതേപടി തുടരുന്നുണ്ട്. ഇന്ന് ചേരുവാ രങ്ങളില്ല. 18 ദിവസത്തെ പാട്ടിൽ ആദ്യത്തെ 12 ദിവസത്തേത് അമ്മ തമ്പുരാൻ കോവിലകം വകയായും (പണ്ടാരം വക), അടുത്ത ആറ് ദിവസത്തേത് ദേശത്തിലെ ചില കുടുംബക്കാരുടെ വക അഹസ്സു മായിട്ടാണ് നടത്തിവന്നിരുന്നത്. 19-ാം ദിവസത്തേ ചടങ്ങുകൾ ക്ഷേത്രം അടിയന്തിരക്കാരായ ശാന്തിക്കാർ, കഴകക്കാർ, സംബന്ധികൾ മുതലായവരുടെ വകയായിരുന്നു.
20-ാം ദിവസം തുടങ്ങുന്ന താലപ്പൊലി വാണിയ സമുദായക്കാരുടേയും വകയായിട്ടാണ് നടത്തി വന്നിരുന്നത്. ഇത് ഇളംതാലപ്പൊലി എന്നാണറിയപ്പെട്ടിരുന്നത്. അടുത്ത ദിവസം താലപ്പൊലി പണ്ടാരംവക താലപ്പൊലി യായിരുന്നു. 22-ാം ദിവസത്തേത് തെക്കുംമുറി താലപ്പൊലിയും, 23-ാം ദിവസത്തേത് വടക്കുംമുറി താലപ്പൊലി യും, അവസാന ദിവസത്തേത് ഒരു വർഷത്തെ ഭണ്ഡാരവരവിൽ നിന്നും നടത്തി വന്നിരുന്ന ഭഗവതിയുടെ താലപ്പൊലിയും ആയിരുന്നു. ഇത് കൂട്ടതാലപ്പൊലി, ഊർതാലപ്പൊലി എന്നെല്ലാം അറിയപ്പെടുന്നു.പണ്ടാരം വക താലപ്പൊലി ദിവസം കൊച്ചിയിലേക്ക് പറയെടുപ്പിന് പുറപ്പെടും. തെക്കുംഭാഗം താലപ്പൊലി ദിവസം തെക്കുഭാഗത്തേക്കും, വടക്കുംഭാഗം താലപ്പൊലി ദിവസം വടക്കുഭാഗത്തേക്കും പറയെടുപ്പിനു പുറപ്പെട്ടിരുന്നു. ഇന്ന് ഏഴുദിവസമാണ് ദേശ പറയെടുപ്പ്. മുകളിൽ പറഞ്ഞിരിക്കുന്ന ദിവസം 24 ദിവസം വരുന്ന വർഷത്തേതാണ്. ചില വർഷങ്ങളിൽ 23 ദിവസവും അപൂർവ്വമായി മാത്രം 22 ദിവസവും വരാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അഹസ്സ്ദായകദായകരില്ലെങ്കിൽ അവരുടെ ദിവസത്തിലും അഹസ്സ്ദായകരുണ്ടെങ്കിൽ അവരുടെ ദിവസത്തിലും അമ്മ തമ്പുരാൻ കോവിലകം വക ദിവസത്തിലും, കുറവ് വരുത്തുകയുമായിരുന്നു പഴയ പതിവ്. പിൽകാലത്ത് ഇത്തരത്തിലുള്ള വേർതിരിവ് ഇല്ലാതെയായി.
വടക്കുതോടം, പുത്തേഴത്ത്, നാങ്ങനാടി, കാരുവള്ളിൽ, തോട്ടുങ്കൽ, അറക്കൽ, ചെറുകുളം, തേവർകാട്, ചിറയിൽ എന്നീ കുടുംബക്കാരായിരുന്നു പ്രധാന അഹസ്സ് ദായകർ. മറ്റ് കുടുംബക്കാർ കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിലെ ഉത്സവാദി അടിയന്തിര അഹസ്സ് ദായകരുമായിരുന്നു.
താലപ്പൊലി കൊട്ടിയറിയിച്ച് ക്ഷേത്രത്തിലെ വെളിച്ചപ്പാട്, വടക്കോട്ട് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം, രാമേശ്വരം ശിവ ക്ഷേത്രം എന്നിവിടങ്ങളിലേക്കും തെക്കോട്ട് ഇടക്കൊച്ചിവരെയും, അവിടെനിന്ന് തിരിച്ച് പെരുമ്പടപ്പ് ശ്രീകോത കുളങ്ങര ശാസ്താക്ഷേത്രത്തിലേക്കും പോകാറുണ്ട്.
കൊച്ചി രാജകുടുംബത്തിന്റെ മൂലഭരദേവതയായ പഴയന്നൂർ ഭഗവതിയെ ഇവിടെ രാജകീയ പരിവാരങ്ങളോടുകൂടി എഴുന്നള്ളിച്ച് താലപ്പൊലി നടത്തുന്ന പതിവായിരുന്നു അക്കാലത്ത് സ്വീകരിച്ചിരുന്നത്. ഇന്ന് ഈ ചടങ്ങിന് അൽപം മാറ്റ് കുറഞ്ഞെന്നുമാത്രം. താലപ്പൊലി കാണാനെത്തുന്ന പഴയന്നൂർ ഭഗവതി മീനഭരണിക്കു ശേഷമേ മടങ്ങുകയുള്ളുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കേനട വർഷ ത്തിൽ രണ്ടു പ്രാവശ്യം മാത്രം തുറക്കുന്നതിൽ ഒന്ന് മീനഭരണി ദിവസമാണ്. മറ്റൊന്ന് താലപ്പൊലിയുടെ അഞ്ചാംനാൾ നടത്തുന്ന വടക്കുപുറം ഗുരുതിദിവസവും വടക്കുപുറം ഗുരുതിയോടെ താലപ്പൊലി ചടങ്ങുകൾ അവസാനിക്കുന്നു.

മീനഭരണി
മീനമാസത്തിൽ രാത്രിയിൽ ഭരണിവരുന്ന ദിവസം അവസാനിക്കത്തക്കവിധം ധ്വജോത്സവമായിട്ടാണ് മീനഭരണി ആഘോഷിച്ചിരുന്നത്. കൊടിയേറ്റം കഴിഞ്ഞ് അടുത്ത മൂന്ന് ദിവസങ്ങളിലെ പടയണി, “നായർ പടയണി” യായിട്ടാണ് നടത്തിയിരുന്നത്. അഞ്ചാം ദിവസം “ തൊട്ടുപടയണി” യായിരുന്നു. ഇത് വണിക-വൈശ്യ വിഭാഗക്കാരുടെതായിരുന്നു. ആറാം ദിവസം ഉത്രട്ടാതി നാളിൽ ക്ഷേത്രഭരണാധികാരികളുടെ അംഗീകാരത്തോടുകൂടി“തീണ്ടിപടയണി” നടത്തിയിരു ന്നു. തീണ്ടി പടയണി മുതൽ തെക്ക് വടക്ക് ചേരുവാര വേലയും രാത്രി ക്കാർ എന്ന ക്രമത്തിൽ പകൽ “പടയണിയും നടത്തിവന്നിരുന്നു. അഴകിയകാവ് ക്ഷേത്രത്തിന്റെ സ്ഥലങ്ങൾ നാലായി തിരിച്ചിരുന്നു. 1. അമ്പലം ഇരിപ്പുപറമ്പ് 2. തെക്കേ വേല വെളിപറമ്പ്, 3. വടക്കേ വേലവെളിപറമ്പ്. 4. കൊട്ടാരം ഇരിപ്പുപറമ്പ്, അഞ്ച് കരക്കാരാണ് (മുറിക്കാർ വേല-പടയണിയിൽ പങ്കെടുത്തിരുന്നത്.)അവ 1. മരക്കടവ് 2. വെമ്പുള്ളി 3. മമ്പുള്ളി 4. വെണ്ടുരുത്തി 5. പള്ളുരുത്തി എന്നിവയാണ്. ഇവയിൽ ഇന്ന് വലിയപുല്ലാര, കടേഭാഗം, തറേഭാഗം, കുത്തരി കടവ്, പനയപള്ളി, എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശങ്ങൾ വടക്കേ ചേരുവാര മുറികളും ചെറിയ പുല്ലാര, കോണം പടിഞ്ഞാറ്, കോണം കിഴക്ക്, തഴുപ്പ് തെക്ക്, തഴുപ്പ് വടക്ക്, ഇടക്കൊച്ചി എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശങ്ങൾ തെക്കെ ചേരുവാര മുറികളും ആയിരുന്നു.
ചേരുവാര പ്രമാണിമാർ
വടക്കേചേരുവാര പ്രമാണിമാർ വടക്കുംതോടം കുടുംബക്കാരായിരുന്നു. തെക്കെ ചേരുവാരത്തിലെ പ്രമാണിമാർ ആട്ടുവള്ളിൽ കുടുംബക്കാരായിരുന്നു. വേലായുധ പണിക്കരാശാൻ ആട്ടുവള്ളിൽ കുടുംബക്കാരിൽ പ്രസിദ്ധനായിരുന്നു. ഓരോ പ്രദേശത്തുകാരും അതാതു പ്രദേശത്തെ ഇടുപ്രമാണിമാരുടെ നേതൃത്വത്തി ലാണ് സംഘടിച്ചിരുന്നത്. അണ്ടിക്കടവ് ഷേണായ്, (ശ്രീ പഞ്ചനാഥവിലാസം കരയോഗം സെക്രട്ടറി)രാമരത്ത് അപ്പു നാരായണൻ, കൊറശ്ശേരിൽ ചേന്നൻ രാമൻ, പുല്ലാരെ ചന്ദ്രശ്ശേരിൽ കണ്ടൻ നാരായണൻ, അയ്യപ്പൻ കൃഷ്ണൻ (ആനന്ദകല്പദ്രുമ യോഗം സെക്രട്ടറി), കൂത്തേരി ആർ. കെ. നാരായണൻ, ആർ.കെ. ബാവ, തക്യാവ് കൃഷ്ണൻ, നീഗ്രോ മാധവൻ എന്നിവർ ഇടപ്രമാണിമാരിൽ ചില രായിരുന്നു.
വേലപടയണി നടപടിക്രമം
ക്ഷേത്രത്തിലെ വേലപടയണി അടിയന്തിരം കൃത്യമായ ചടങ്ങുകളിലും നിബന്ധനകൾ അനുസരി ച്ചുമാണ് നടത്തിയിരുന്നത്. കൊടിയേറ്റ് ദിവസവും ഭരണിനാൾ കാലത്തും ഈ ക്ഷേത്രത്തിൽ ചേരുവാരം വിളി പതിവുണ്ടായിരുന്നു. കൊടിയേറ്റ് ദിവസം ക്ഷേതവാടയ്ക്കകത്ത് നടക്കൽ തെക്കുവശവും വടക്കു വശവും നായന്മാർ മാത്രവും ഭരണിനാൾ കാലത്ത് രണ്ടു കുടിയും, നടക്കൽ തെക്കുവശം വാടയ്ക്ക് പുറത്ത് ചേരുവാരത്തിലും ഉള്ള ഹിന്ദുക്കൾ എല്ലാ വിഭാഗക്കാരും തെക്കോട്ട് മാറി തെക്കെ ചേരുവാരക്കാരും വാടക്കകത്ത് നടക്കൽ വടക്ക് വശമായി വടക്കേചേരുവാരക്കാരും കിഴക്ക് പടിഞ്ഞാറ് നിരന്നുനിന്ന് ചേരുവാരം വിളിക്കും.ഒടുവിലത്തെ വിളി കഴിഞ്ഞാൽ തെക്കെചേരുവാരക്കാർ പിൻതിരിഞ്ഞ്, കൊടിയേറ്റ് ദിവസം വടക്കുപുറത്തേ ,ഭരണിനാൾ അന്നംകുളങ്ങര വരെയും ഓടുകയായിരുന്നു പതിവ്.വടക്കേ ചേരുവാരക്കാർ കൊടിയേറ്റ് ദിവസം നടക്കൽ ദീപസ്തംഭത്തിനുചുറ്റും കൂടു കയും ഭരണി ദിവസം ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷി ണമായി ഓടുകയും ചെയ്യുന്നതായിരുന്ന കീഴ് നടപ്പ്.
തെക്കേ ചേരുവാരക്കാരും ഉരുക്കളും തെക്കോ ലവെളിപറമ്പിൽ തെക്കെ അറ്റത്ത്
നിന്നിരുന്ന ആൽമര ചുവട്ടിൽ (തറമൂട് കേന്ദ്രീകരിച്ച് (ഇന്ന് പള്ളുരുത്തി സെറ്റിൽമെന്റ്
സ്ഥിതിചെയ്യുന്ന പ്രദേശം) അവിടെ നിന്നുമാണ് വേല പടയണി ആരംഭിച്ചിരുന്നത്.
ഇവരുടെ ഉരുക്കളായ ഭീമൻ, അന്നം മുതലായവ അണ്ടിക്കടവ് ഷേണായിയാണ് തറ മൂട്ടിൽ തയ്യാറാക്കി വെക്കുന്നത്. വടക്കെ ചേരുവാരക്കാ രുടെ ഉരുക്കൾ വടക്കേവേല
വെളിപ്പറമ്പിലാണ് തയ്യാറാക്കി വെക്കുന്നത്. ഈ ഉരുക്കൾ വടക്കും തോടത്ത്
കുടുംബക്കാരാണ് തയ്യാറാക്കിയിരുന്നത്. ഇവ തയ്യാറാക്കുന്നതിന് പ്രധാന
സഹായികളായി പ്രവർത്തിച്ചിരുന്നത് അന്നംകുളങ്ങര ഗണക കുടുംബ
ക്കാരായിരുന്നു.
ഒന്നാം ദിവസം
ഒന്നാം ദിവസം കൊടികയറ്റമാണ്. തെക്കു മുറി, വടക്കുംമുറി ചേരുവാരങ്ങളിൽ നിന്ന്
ഒന്നിടവിട്ട വർഷ ങ്ങളിൽ കൊടിമരം മുറിച്ചിരുന്നു.ചേരുവാരപ്രമാണിക ളായ
പള്ളുരുത്തി, രാമേശ്വരം പാർവ്വത്യകാരന്മാരും നായർ കരക്കാരും ദേവസ്വം
ഉദ്യോഗസ്ഥരും ചേർന്ന് കൊടിമരം കയറ്റുകയായിരുന്നു പതിവ്. അത്താഴപൂജ കഴിഞ്ഞ്
നടതുറന്നാൽ ഉടനെ ചേരുവാര പ്രമാണിമാർ അകത്തുനിന്നും കെട്ടും കിഴിയും
പ്രസാദവും എടുത്ത് പുറത്തുവന്ന് ചേരുവാരം വിളിച്ച് ഇരുഭാഗത്തേക്കും പിരിഞ്ഞുപോകുന്നതോടെ ആദ്യദിവസത്തെ ചടങ്ങ് അവസാനിക്കും. കൊടിമരം ഏത്
ചേരുവാരത്തിൽ നിന്ന് മുറിക്കുന്നുവോ ആ ചേരുവാരക്കാർക്കാകുന്നു എല്ലാ ദിവസത്തേയും ആദ്യത്തെ അടിയന്തിരം.
രണ്ടാം ദിവസം
രണ്ടാം ദിവസം “ഗണപതി കോലം പടയനി” യാണ്. ഇത് ഒരോ ദിവസവും ചേരുവാരം
മാറിയാണ് നടത്തി യിരുന്നത്. ഗണപതി കോലം എടുക്കുന്ന ഭാഗക്കാർ ആദ്യം പടയണി
തുടങ്ങി രണ്ടുമണിയോടുകൂടി അവസാ നിപ്പിക്കുകയും അതിനുശേഷം മറ്റേഭാഗക്കാർ
തുടങ്ങി മൂന്ന് മണിയ്ക്ക് അവസാനിപ്പിക്കേണ്ടതാകുന്നു.
മൂന്നാം ദിവസം
മുന്നാം ദിവസം “ഭദ്രകാളികോലം പടയിനി”യായിരുന്നു. രണ്ടാം ദിവസം ഗണപതിക്കോലം എടുത്തവർ ഭദ്രകാളിക്കോലം എടുത്ത് ആദ്യം പടയണി നടത്തണം. അവരുടെ പടയണി കഴിഞ്ഞാൽ മറുഭാഗക്കാർ പതിക്കോലം എടുത്ത് പടയണി നടത്തണം.
നാലാം ദിവസം
ഈ ദിവസം ആദ്യഭാഗക്കാർ “ഒറ്റക്കൂട്ടം” എടുത്തും മറ്റേ കൂട്ടർ “ഭദ്ര കാളി കോലം” എടുത്തും പടയണി നടത്തേണ്ടതാകുന്നു.
അഞ്ചാം ദിവസം
ഈ ദിവസം “തൊട്ടു പടയനിയാണ്. ആദ്യത്തെ ചേരു വാരക്കാർ ഇരട്ടകുട്ടം എടുത്തും
മറ്റേ ഭാഗക്കാർ ഒറ്റകൂട്ടം എടുത്തും പടയണിയ്ക്ക് തയ്യാറാകേണ്ടതാണ്.
ആദ്യഭാഗക്കാർ നാലുമണിയ്ക്കും മറ്റേ ഭാഗക്കാർ അഞ്ചുമണിയ്ക്കും
അവസാനിപ്പിച്ച് പിരിയേണ്ടതാണ്. ഇതിനു മുമ്പായി നടക്കൽ ചൂട്ട് കത്തിക്കലും
ഉണ്ടാകണം.
ആറാം ദിവസം
ആറാം ദിവസം “തീണ്ടി പടയണി‘യാണ്. ഈ ദിവസം ഇരു ചേരുവാരക്കാരും “ഭീമൻ,
‘പടയിനിക്കോലം”, “ഭദ്രകാളിക്കോലം”, “ഗണപതിക്കോലം”, “ഒറ്റക്കൂട്ടം
“ഇരട്ടകൂട്ടം”ഇവയെല്ലാം എടുക്കേണ്ടതാണ്.തേക്കുമുറി യിലെ എല്ലാ മുറിക്കാരും
രാത്രി 1 മണിക്ക് മുമ്പായി തറച്ചുട്ടിൽ എത്തി അവിടെ നിന്നും 3 മണിക്കുമുമ്പ്
കാവിൽ എത്തേണ്ടതാകുന്നു. വടക്കുമുറിയിലെ എല്ലാ മുറിക്കാരും രണ്ടുമണിക്ക്
മുമ്പ് അവരുടെ തറചൂട്ടിൽ എത്തേണ്ടതും അവരിൽ പുല്ലാര പണിക്കർ വന്നയുടനെ
പതിവുപടി വടക്കുംതോടത്ത് ചെന്ന് അനുവാദം വാങ്ങി കാവുതീണ്ടി പടയണിയ്ക്ക്
തയ്യറായിരിക്കേണ്ടതാണ്. ഇപ്രകാരം ഇരുകൂട്ടരും അനുവാദം വാങ്ങി, അഞ്ച് മണി വരെ
ആദ്യഭാഗക്കാരും ഏഴുമണിവരെ മറുഭാഗക്കാരും പടയണിനടത്തി പിരിയേണ്ടതാണ്.
ഏഴാം ദിവസം
ഏഴാം ദിവസം “പകൽ വേല”യാണ്.ഈ ദിവസവും രാത്രി പടയണിക്ക് ആറാം
ദിവസത്തെപ്പൊലെ എല്ലാ ഉരുക്കുകളും എടുക്കേണ്ടതാണ്.
ഏട്ടാം ദിവസം
ഏട്ടാം ദിവസവും “പകൽ വേല യും രാത്രി “പടയണി” യും ഏഴാം ദിവസത്തെപ്പോലെ തന്നെ നടത്തേണ്ടതാണ്.
ഒമ്പതാം ദിവസം
ഒമ്പതാം ദിവസം ഇരുവിഭാഗക്കാരും രാവിലെ ഒമ്പതു മണിയ്ക്ക് മുമ്പായി കാവിന്റെ
ഇരുഭാഗവും നിരന്ന് ചേരുവാരം വിളിച്ച് പിരിഞ്ഞ് പോകേണ്ടതാകുന്നു.
“വേല ഇതോടെ പടയണി പൂർത്തിയാകും.
വേലപടയിനിക്ക് ഓരോ സമുദായക്കാർക്കും പ്രത്യേകം പ്രത്യേകം ചുമതലകളും
അവകാശങ്ങളും ഉണ്ടായിരുന്നു.ഇവർക്കെല്ലാം പടയിനിയുടെ നടത്തിപ്പിനായി
ഭൂമിയും നൽകിയിരുന്നു.ഇവിടെ എഴുന്നള്ളിച്ചി രുന്ന 282 കോൽ പൊക്കം വരുന്ന
വടക്കുംതോടം ഭീമന്റെ ശിരസ്സ് തൃശ്ശൂർ കാഴ്ചബംഗ്ലാവിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
(അസി. കമ്മിഷണർ ടി.ആർ. സുബ്രഹ്മണ്യ അയ്യരുടെ രേഖ യിൽ നിന്നും സംഗ്രഹിച്ചത്.)
ചൂട്ടും പുത്തനും
ഭരണിക്ക് ആകെ 408 കെട്ട് ചൂട്ടും, 428 പുത്തനും ആണ് കണക്ക്. ഒരു കെട്ടിൽ പതിനഞ്ച്
ഓലമടൽ ഉണ്ടായിരിക്കണം. അത് ഇനി പറയും പ്രകാരമാണ്.
1) അഴകിയകാവ് ദേവസ്വം
ഒരു കൊല്ലത്തിൽ പിരിയേണ്ടതായ 234 കെട്ട്, 253 പുത്തൻ
2) തൃപ്പുണിത്തുറ ദേവസ്വം പാട്ടുപ്രവർത്തി 133 കെട്ട് ചൂട്ട്133 പുത്തൻ
3) കോതകുളങ്ങര ശാസ്താവ് ദേവസ്വം 41 കെട്ട് ചൂട്ട് 42 പുത്തൻ
ചൂട്ടുകളിൽ പകുതി തെക്കേ ചേരുവാരക്കാർക്കും പകുതി വടക്കേ ചേരുവാരക്കാർക്കും
കത്തിക്കുവാനു ള്ളതാണ്. ഇന്ന് പള്ളുരുത്തിയിലുള്ള കുടുംബി സമുദായ അംഗങ്ങളാണ് അശ്വതി നാളിൽ ക്ഷേത്ര നടയിലും വെളിയിലും ചൂട്ടുകൾ കത്തിക്കുന്നത്. ഇടക്കാലത്തു“വേലപടയിനി’മുടങ്ങിപോയിട്ടുണ്ട്. പിൽകാലത്തുണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടർന്ന് രാജാവ് “വേലപടയിനി നിരോധിക്കുയാണ് ഉണ്ടായത്. ഇന്ന് ക്ഷേത്രപരിസരത്ത് ലളിതമായ രീതി യിൽ ഉരുക്കൾ എഴുന്നള്ളിപ്പ് മാത്രമായി പടയണി ആഘോഷിച്ചുവരുന്നു.
തൂക്കം
ഭരണിനാൾ വൈകുന്നേരം 5 മണിക്ക് ശേഷം അസുരനിഗ്രഹം അനുസ്മരിച്ചുകൊണ്ട്
ആൾ തൂക്കം നടത്തിയിരുന്നു. തൂക്കച്ചാടിന് അവകാശികൾ കാഞ്ഞി രമറ്റം
പറുതുരുത്തിൽ കുടുംബക്കാരായിരുന്നു. സാ നമായി തൂക്കം നടത്തിയിരുന്നത് വട്ടത്ത
കുടുംബവുമായി വിവാഹബന്ധം ഉണ്ടായിരുന്ന പറുത്തു രുത്തിൽ ശങ്കുണ്ണിമേനോൻ
ആയിരുന്നു. ഇവരുടെ മൂല കുടുംബം മട്ടാഞ്ചേരിയിൽ ആയിരുന്നു. പെരുമ്പടപ്പ്
രാജവംശക്കാരുടെ കൊച്ചിയിലെ അധിവാസകാലത്തു ണ്ടായ ബന്ധമായിരുന്നു ഈ
അവകാശത്തിന് ഹേതു. ഭരണി ഉത്സവവേളയിൽ അക്കാലത്തെ ആചാര മനുസരിച്ച്
ഏഴാം ദിവസവും എട്ടാം ദിവസവും ഭരണി സദ്യയും ഭരണിനാൾ എല്ലാവർക്കും
കഞ്ഞിയും നൽകി വന്നിരുന്നു.
ഭരണിനാൾ തന്ത്രിയുടെ ത്രികാലപൂജയും, ദാരുബിംബത്തിൽ ‘ചാന്താട്ടവും
നടക്കുന്നുണ്ട്.
വഴിപാടുകൾ
ദേവീപൂജ, നെയ്പായസം, ശർക്കര പന്തിരുനാഴി, വെള്ളപന്തിരുനാഴി, രക്തചന്ദന
പുഷ്പാഞ്ജലി, കൈവെട്ടക ഗുരുതി എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാ ടുകളാണ്.
ഉദ്ദിഷ്ട കാര്യസിദ്ധിക്ക് കിണറ്റിൻകര ഗുരുതി വളരെ വിശേഷപ്പെട്ട വഴിപാടാണ്.
ബ്രഹ്മരക്ഷസ്സിന് പഞ്ചാരപാൽപ്പായസം വിശിഷ്ടമാണ്. മറ്റു ഉപദേവത കൾക്ക്
യഥാവിധി വഴിപാടുകളും ഉണ്ട്. അഭയപ്രദായിനിയും സർവ്വാർത്ഥസാധികയും മംഗള സ്വരൂപിണിയുമായ അഴകിയകാവിലമ്മ തന്റെ ഭക്തൻമാർക്ക് ആയുരാരോഗ്യസൗഖ്യവും സമ്പൽ സമൃദ്ധിയും പ്രദാനം ചെയ്യുവാൻ ദേശാധിപത്യം വഹിച്ച് വാണരുളുകയാണ്. അറിഞ്ഞ് യഥാവിധി ഉപാസിച്ചാൽ മാത്രം മതി.
(കടപ്പാട് : മുല്ലൂർ ഭാസ്കരമേനോൻ, രാധാകൃഷ്ണൻ വടക്കുംതോടം, അഷ്ടമംഗല പ്രശ്നച്ചാർത്തുകൾ, ഇതര രേഖകൾ, മേൽപരാമർശിച്ചിട്ടുള്ള പുസ്തകങ്ങൾ. (ചരിത്രംപൂർണ്ണമല്ല. ഭേദഗതികൾക്കോ കൂട്ടിചേർക്കലുകൾക്കോ വിധേയം.)
ബ്രാഹ്മണിപ്പാട്ടുകൾ/Brahmani Pattukal
അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രഹ്മണിപ്പാട്ടുകൾ. അതൊരു പ്രാചീന കലാരൂപമാണ് ബ്രാഹ്മണിപ്പാട്ടുകൾ എന്നറിയപ്പെടുന്ന ഗാനക്രിയ. ഏതോ ഒരു
കാലഘട്ടത്തിൽ ഒരു ബ്രാഹ്മണ സ്ത്രീ വിവാഹത്തിനുമുമ്പ് ഋതുമതിയായി. എന്നിട്ടും
അവളുടെ പെൺകൊടി നടന്നു.അവളും അവളുടെ സന്താനപരമ്പരകളും മുഖ്യധാരയിൽ നിന്നും വേർതിരിയ്ക്കപ്പെട്ടു. ബ്രാഹ്മണർക്കുള്ള ഓ ത്തിനും വേദപഠനത്തിനുമുള്ള അർഹത നഷ്ടപ്പെട്ട ട്ടു. അവർക്കായി കല്പ്പിച്ചനുവദിച്ച ജീവിതമാർഗ്ഗമാണ് പുഷ്പക വൃത്തിയും ബ്രാഹ്മണിപ്പാട്ടും. ഉദ്ദേശം കൊല്ലവർഷം 500-ാം മാണ്ടോടെ (എ. ഡി.1325) ജീവിച്ചിരുന്ന മഹിഷിമംഗലം (മഴമംഗലം) അന്ന് നിലവിലുണ്ടായിരുന്ന തമിഴ് കലർന്ന പാട്ടു കൾ ശുദ്ധമലയാളത്തിലാക്കി. ബ്രാഹ്മണിമാർ പാടിയിരുന്ന പാട്ടുകളായിരുന്നതിനാൽ ബ്രാഹ്മണിക്കാ ട്ടുകൾ എന്നുപേരും നൽകി.സമകാലികരായിരുന്ന ചിലർ പലപാട്ടുകളും എഴുതിചേർത്തിട്ടുമുണ്ട്. അവ യെല്ലാം തലമുറകളായി വാമൊഴിയാൽ പഠിച്ചു ആല പിക്കുന്നവയാകയാൽ പാട്ടുകളിൽ വളരെയേറെ വത്യാസങ്ങൾ വന്നു പോയിട്ടുണ്ട്. തന്നെയുമല്ല ഓരോ ദേശത്തുമുള്ള ദേവീക്ഷേത്രങ്ങളിലെ മൂല ബിംബപ്രതിഷ്ഠയുടെ രൂപ ഭാവങ്ങൾക്കനുസരിച്ച് പാട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ഒരു ഭദ്രകാളീക്ഷേത്രത്തിൽ പാടുന്ന പാട്ടുകളോ ചിട്ടവട്ടങ്ങളോ ആയിരിയ്ക്കയില്ല. അടുത്ത ദേവീക്ഷേത്ര ത്തിലേത് എന്നതാണ് പരമാർത്ഥം. അടുത്തകാല ത്തായി ചില പാട്ടുകൾ അച്ചടിച്ച് ബ്രാഹ്മണിപ്പാ ട്ടുകൾ എന്നപേരിൽ പ്രസിദ്ധം ചെയ്തു കാണു ന്നുണ്ട്. അതിൽ ഒരേ ഇതിവൃത്തത്തെ ആസ്പദ മാക്കി തന്നെ പല പാട്ടുകൾ കാണാം. അതിൽ നിന്നും
ബ്രാഹ്മണിപ്പാട്ടുകൾ ക്ഷേത്ര, ദേശ ഭേദമ നുസരിച്ച് വത്യസ്തമായി പാടുന്നു
എന്ന് മനസ്സി ലാക്കാം. പാടുന്ന ബ്രാഹ്മണിമാരുടെ ധർമ്മദൈവ ത്തിനും തട്ടകത്തെ
ദേവിക്കും കൂടി ചേർത്തു പാടുന്ന പതിവുമുണ്ട്. എന്നാൽ ഒരു ക്ഷേത്രത്തിൽ
നൂറ്റാണ്ടുകളായി പാടുന്ന പാട്ടിനോ ആചാരക്രമ ങ്ങൾക്കോ കാലഭേദമനുസരിച്ച്
മാറ്റം വരാറില്ല. വരുത്തിക്കൂടാ. സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ തന്നെ വാർഷിക
മായി മാറ്റമില്ലാത്ത അനുഷ്ഠാനങ്ങളോടെ നടത്തുന്ന ഒരാചാരമാണ് ബ്രാഹ്മണിപ്പാട്ടുകൾ.
അതൊരു പ്രാചീന കലാരൂപമല്ല. ഒരു സൽകർമ്മമാണ്. ധനസമ്പത്തിനായി നിരന്തരം ബ്രാഹ്മണിപ്പാട്ടുകൾ ബ്രാഹ്മണിമാർ പാടാറില്ല. മകരമാസത്തിലെ പാട്ടുതാലപ്പൊലിയോടനുബന്ധിച്ചല്ലാതെ അഴകിയകാവിൽ ബ്രാഹ്മണിപ്പാട്ടുകൾ നടത്താറുമില്ല.അഴകിയകാവിൽ ബ്രാഹ്മണിപ്പാട്ടുകൾ ഏതു കാലത്താണ് തുടങ്ങിയതെന്ന് ആധികാരികമായി പറയുവാൻ വയ്യ. എങ്കിലും ഏകദേശം 400 വർഷ ങ്ങൾക്ക് മുമ്പാണ് ഇത് തുടങ്ങിയതെന്നനുമാനി ക്കാം.കോതകുളങ്ങര ശ്രീശാസ്താക്ഷേത്ര സമീപം വസിക്കുന്ന നമ്പ്യാർമഠം തറവാട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണിപ്പാട്ട്
നടത്തിയിരുന്നത്.ക്ഷേത്രപ്രവർത്തി കൾ വീതം വയ്ക്കുന്ന ഈ മഠത്തിലെ 1926 ലെ
ഭാഗപത്രം, മഠത്തിലെ പരദേവതയായ നമ്പ്യാപുരം സർപ്പക്കാവും വിഷ്ണു മായ
ക്ഷേത്രവും സംബന്ധിച്ച അഷ്ടമംഗല്യ പ്രശ്ന പരാമർശങ്ങൾ, പ്രശസ്തനായ
കുടുംബകാരണവരും കഥകളിക്കാ രനുമായിരുന്ന കുഞ്ഞൻ നമ്പ്യാരുടെ ജീവിത
കാലയളവ്, കൊച്ചി രാജാവിൽ നിന്നും ലഭിച്ച കല്പനകളുടെ കാലയളവ്
എന്നിവയെല്ലാം ആസ്പ ദമാക്കിയാണ് മേൽപറഞ്ഞ 400 വർഷത്തെ പഴക്കം
നിർണ്ണയിച്ചിട്ടുള്ളത്. ഇടകൊച്ചി മുതൽ കൊച്ചിവ രെയുള്ള ദേശത്ത് പുരാതന
കാലത്തുണ്ടായിരുന്ന ഒരേ ഒരു ബ്രാഹ്മണികുംടുംബം ഇതുമാത്രമായിരു ന്നു. ഇന്നും ഈ
ദേശത്തുള്ള ബ്രാഹമണിമാരില ധികവും ഈ തറവാട്ടംഗങ്ങളോ ഈ കുടുംബത്തിൽ
വിവാഹം കഴിച്ചെത്തിയിട്ടുള്ളതോ ആയ സ്ത്രീക ളാണ്. ആയതിനാൽ അഴകിയകാവിൽ പാട്ടടിയ ന്തിരം തുടങ്ങിയ കാലം മുതൽ ഇന്നുവരെ ബ്രാഹ്മ മണിപ്പാട്ടുകൾ നടത്തുന്നത് ഈകുടുംബക്കാരാണ്. അഴകിയകാവിലെ പാട്ടുകൾ ഒരു പ്രത്യേക ഈണത്തിൽ പാടത്തക്കവിധം ചിട്ടപ്പെടുത്തിയിട്ടു ള്ളതാണ്. ദാരികവധമാണ് ഇതിവൃത്തം. എങ്കിലും ഈ പാട്ടുകൾ ഒരു പുസ്തകത്തിലും പ്രസിദ്ധീകരിച്ചവയല്ല.
മഹാവിഷ്ണുവിനോടു യുദ്ധം ചെയ്തു തോറ്റ അസുരരിൽ ചിലർ പാതാളത്തിൽ ചെന്നൊ ളിച്ചു. അതിലെ അസുരകന്യകമാരായ ദാനവതിയ്ക്കും ധനുവതിയ്ക്കും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ദാനവനെന്നും ദാരികനെന്നും പേരുള്ള രണ്ടു കുമാരന്മാരുണ്ടായി. അതിവേഗം വളർന്ന ഇവർ ബ്രഹ്മാവിനെ കഠിന തപസ്സാൽ പ്രത്യക്ഷപ്പെടുത്തി ഇഷ്ടവരം വാങ്ങി. സ്ത്രീകൾ അബലകളാണെന്നും അവർ തന്നെ കണ്ടാൽ ഓ ടിയോളിക്കുമെന്നും അതിനാൽ അവരൊഴികെ ആരും തന്നെവധിയ്ക്കരുതെന്നുമായിരുന്നു വരം. ബ്രഹ്മാവിന്റെ ദണ്ഡും വാങ്ങി സ്ത്രീകളെ പുച്ഛ ത്തോടെ പരിഹസിച്ചതിനാൽ സ്ത്രീകളാൽ വധിക്കപ്പെടട്ടെ എന്ന ശാപവും ബ്രഹ്മാവ് നൽകി. വരദാനം ലഭിച്ച ഇവർ മനുഷ്യരെ കൊന്നുതിന്നാൻ തുടങ്ങി. സ്ത്രീകളെ മാനഭംഗപ്പെടുത്തി, മുനിമാരെ യാഗം മുടക്കിയോടിച്ചു. ദേവത കളോടേറ്റുമുട്ടി. അന്ത്യത്തിൽ ശിവഭഗവാന്റെ തൃക്കണ്ണിൽ നിന്നുമുള്ള അഗ്നിയിൽ ഭദ്രകാളി ജനിച്ച് ദാരികവധം നടത്തുന്നതാണ് പാട്ടിന്റെ ഇതിവൃത്തം.ഇതേ ഇതി വൃത്തത്തിൽ അച്ചടിച്ച് രൂപത്തിൽ പല പാട്ടുകളും ലഭ്യമാണെങ്കിലും അവയൊന്നുമല്ല ഈ ക്ഷേത്രത്തിലെ പാട്ടുകൾ. തുടക്കം മുതൽ ഒരേ ഈണം ത്തിൽ പാടത്തക്കവിധം പലവർണ്ണനകളോടുകൂടി ലളിതമായും സമയബന്ധിതമായും ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.
ബ്രാഹ്മണിമാർ ഈ പാട്ടുമായി ദേശത്തെ മറ്റു ക്ഷേത്രങ്ങളിൽ പോയി പാട്ടടിയന്തിരം നടത്താറില്ല. ഒരു ബ്രാഹ്മണിയമ്മയ്ക്ക് അപ്ര കാരം മറ്റൊരു ക്ഷേത്രത്തിൽ പോകേണ്ടി വന്നുവെങ്കിലും അവർക്ക് അവിടെ അധികകാലം തുടരാനായില്ല. അതുപോലെ കുടുംബത്തിൽ അശു ദ്ധിവന്ന കാലങ്ങളിൽ മറ്റു ദേശത്തുനിന്നും ബ്രാഹ്മണിമാരെ കൊണ്ടുവന്നു കർമ്മം ചെയ്യിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം രണ്ടോ മൂന്നോ ദിവ സത്തിനുള്ളിൽ അവർക്കും അശുദ്ധിവന്ന് പോകേ ണ്ടതായിവന്നിട്ടുണ്ട്. നാഗാരാധനയുടെയും ഹോമങ്ങളുടെയും ചില മന്ത്രങ്ങൾ സ്വസമുദായ ത്തിൽപ്പെട്ട തന്ത്രി നമ്പൂതിരിമാർക്കുപോലും കുടും ബക്കാർ ഉപദേശിക്കാറില്ലാത്തതുപോലെ ഈ പാട്ടു കൾ തലമുറകളായി കൈമാറി ബ്രാഹ്മണിപ്പാട്ടുനട ത്തുകയല്ലാതെ മറ്റുള്ളവർക്കു കൊടുക്കുവനോ പ്രസിദ്ധീകരിക്കുവാനോ നിവർത്തിയില്ല.ബ്രാഹ്മണിപ്പാട്ടുകൾ മൂലബിംബത്തിന്റെ രൂപ ഭാവങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയതാകും.
ഗുരു വായൂരപ്പന് ആനകൾ എത്ര വന്നാലും സ്വീകാര്യം എന്നാൽ തൃച്ചമ്പരം കൃഷ്ണസ്വാമിയുടെ ഏഴയൽ ക്കത്തുകൂടി ആനകൾ വന്നുകൂടാ. മൂർത്തീ വൈഭവ ങ്ങൾക്ക് നുസരിച്ച് ആചാര വത്യാസങ്ങൾ ഉണ്ടാകും. അഴകിയകാവ് അമ്മയുടെ നടയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു ഗണപതിസ്തുതികളും രണ്ടു സരസ്വതിതികളും മത്രമേ പാടാറുള്ളു.അതു കൊണ്ടു തന്നെ മറ്റു ക്ഷേത്രങ്ങളിലേതുപോലെ ഭക്തർക്ക് രോഗശമനത്തിനും ഐശ്വര്യത്തിനുമായി പണം കൊടുത്ത് ബ്രാഹ്മണിയെ കൊണ്ട് നട യ്ക്കൽ പാടിക്കുവാൻ കഴിയുകയില്ല.
ഉച്ചപൂജയ്ക്ക് ശേഷം പാട്ടമ്പലത്തിലേയ്ക്ക് ദേവിയുടെ ഉടവാൾ എഴുന്നള്ളിക്കുന്നു. നാലടി സമചതുരത്തിൽ മരക്കൂട്ടുണ്ടാക്കി മുകളിൽ കയർ തലങ്ങും വിലങ്ങും വരിഞ്ഞുകെട്ടി മുകളിൽ വെള്ളയും അതിനു താഴെ ചുവന്ന പട്ടും കിഴക്കു പടിഞ്ഞാറായി വിരിക്കുന്ന പന്തലിനുചുറ്റും കുരുത്തോല,കവുങ്ങിൻ പൂക്കുല, ആലിന്റേയും മാവിന്റെയും ഇലകൾ, പപ്പടം, വെറ്റില, അടയ്ക്ക,കദളിപ്പഴം എന്നിവ കൊണ്ട് വിതാനി യ്ക്കുന്നു. നിലത്ത് നെല്ല് / അരി വളച്ച് മൂലകളിൽ നാളികേരവും വിളക്കും വയ്ക്കുന്നു. നടുക്ക് പീഠം വച്ച് അരിമാവണിയിച്ച് അരിയും നാളികേരത്തിനു മീതെ പട്ടും വിരിച്ച് വാൽക്കണ്ണാടി വയ്ക്കുന്നു. വിശവാൽക്കണ്ണാടിവയ്ക്കുന്നു. റിപോലെ ഞൊറിഞ്ഞ വെള്ള തിരുവുടയാടയിൽ നാളികേരം ചാരിയാണ് വാൽകണ്ണാടി വയ്ക്കുന്നത്. ഇതാണ് പാട്ടമ്പലം. ശ്രീലകത്തു നിന്നും എഴുന്നള്ളിച്ചുകൊണ്ടു വന്ന വാൾ പീഠത്തോടു ചേർത്തു വയ്ക്കുന്നു. തുടർന്ന് ബ്രാഹ്മണി പൊലിപ്പാട്ട് തുടങ്ങുന്നു. പൊലിയ്ക്കുന്ന പന്തലേ ഞാൻ എന്നുതുടങ്ങുന്ന പാട്ട് ബ്രാഹ്മണിയമ്മ ഓട്ടുകിണ്ണം കയ്യിലെടുത്ത് പേനക്കത്തി കൊണ്ടു കൊട്ടി ഈണത്തിൽ പാടിതിക്കുന്ന താണ് ആദ്യത്തെ മട. ഇതിന് എതിരേറ്റുമട എന്നും എതൃത്തുമട എന്നും പറയാറുണ്ട്.ആ സമയം ശാന്തിക്കാരൻ നിരാഞ്ജനമെടുത്ത് വാളിന്നഭിമുഖമായി നിൽക്കണം. ചെണ്ട, കൊമ്പ്, കുഴൽ എന്നീ വാദ്യഘോഷങ്ങൾ ഉണ്ടാകണം. കർമ്മങ്ങളും ആചാരങ്ങളും കൂടുതലായി വിവരിയ്ക്കാൻ നിർവ്വാഹമി ല്ല.മേൽപറഞ്ഞപ്രകാരം കാലത്തു 3 മടയും (എതിരേറ്റും, മദ്ധ്യമം, ഉച്ചമട) വൈകുന്നേരം ഒരുമടയും ഉണ്ട്. ചില ക്ഷേത്രങ്ങളിൽ ഇത് ആകെ 3 മടയാണ്. ഉച്ചയ്ക്കു മുമ്പ് തീരും. ബ്രാഹ്മണി, മാഹേശ്വരി,കൌമാരി, വൈഷ്ണവി വാരാഹി ഇന്ദ്രാണി എന്നീ ആറുമാതൃക്കൾ ചേർന്ന് ദാനവനെ യുദ്ധത്തിൽ വധിയ്ക്കുന്നതും ദാരികനോടേറ്റുമുട്ടി ഭയന്ന് ഓടി ഒളിക്കുന്നതും പാടി കാലത്തെ മടകൾ നിർത്തുന്നു. രാത്രി മടയിൽ ഭദ്രകാളീ ജനനം മുതൽ ദാരികവധം വരെ പാടി ഭഗവതി സ്‌തുതി നടത്തി വാൾ തിരിച്ചെഴുന്നള്ളിക്കുന്നു. വധക്രിയയിലെ രക്തപാന സ്മരണക്കായി വാൾ കിണറ്റിൻ
കരയിൽ വച്ച് നിന്നും ഗുരുതി നൽകുന്നു. തുടർന്ന് വാൾ ശ്രീലകത്തേയ്ക്ക് തിരി ച്ചെഴുന്നള്ളിക്കുന്നു ഈ ചടങ്ങ് 21 ദിവസത്തിൽ കുറയാതെ കൊടിയാഴ്ച വരുന്ന ദിവസം ഭഗവതി യുടെ താലപ്പൊലിയോടെ അവസാനിക്കുന്നു.
ദേവീചൈതന്യം കൂടുതലായി പ്രസരിക്കു ന്നത് രാത്രി മടയിലാണ്. മാതൃക്കൾ ദാനവനെ വധി ച്ചതും അവർ ദാരികനുമായി ഏറ്റുമുട്ടി ഭയന്ന് ഒളി ച്ചോടി യതും നാരദ മ നിയിൽ നിന്നറിഞ്ഞ മഹാദേവൻ കോപാഗ്നിയിൽ മുങ്ങി. കണ്ണുകൾ ചുവന്നും നെറ്റി
വിയർത്തും ഇടതു നെറ്റിയിൽ നിന്നും ഏഴുവിയർപ്പുതുള്ളികൾ ഇടതു കൈനഖ ത്തിൽ
തുടച്ചെടുത്ത് തൃക്കണ്ണുകൊണ്ട് ശക്തമായി നോക്കി. വിയർപ്പുതുള്ളികൾ
പിണ്ഡീഭൂതമായി ത്രിഭുവനമൊക്കെ പേടിപ്പെടുത്തുമാറ്റലറിക്കൊണ്ട് ഭദ്രകാളി
ജനിച്ചു.
അലർച്ചയിൽ
“ധരണി കുലുങ്ങി, ജലധി കലങ്ങി കുലശൈലങ്ങളശേഷമുലഞ്ഞു ദിഗ്വര പംക്തികളൊന്നു കുലുങ്ങി കൈലാസാചലമൊന്നു
വിറച്ചു ഗിരിമകളരനുടെ അരികിലുറച്ചു ഗണപതി പേടിച്ചോടിയൊളിച്ചു അസുരകളിൽ ചിലർ വീണുമരിച്ചു ദാരികനും തുടകൊട്ടി വിറച്ചു ബ്രഹ്മൻ തിരുവടിയൊന്നു വണങ്ങി നാരായണനും പുഞ്ചിരിയിട്ടു.”
പിതാവെ,ഞാൻ എന്താണു ചെയ്യേ ണ്ടത്? അടിപരത്തി നിൽക്കാൻ ഭൂമിയിലിടംപോര, മുടി നിവർത്തി നിൽക്കാൻ ആകാശം മതിയാകു ന്നില്ല കൈ പരത്തി നിൽക്കാൻ
മൂന്നുലോകങ്ങളും ചെറുതാണ് എന്നു പറഞ്ഞ ദേവിയോട് മഹാദേവ നരുളി.
“സ്ത്രീകൾക്ക് അടക്കം പ്രധാനമാണ് മകളെ. നിന്റെ മുഖങ്ങളും നയനങ്ങളും
ബാഹുക്കളും ചുരുക്കികൊള്ളണം. പിതാവിന്റെ നിയോഗ ത്താൽ ആയിരം മുഖങ്ങൾ
ഒന്നാക്കി, മുവ്വായിരം നയനങ്ങൾ മൂന്നാക്കി, എണ്ണായിരം ബാഹുക്കൾ എട്ടാക്കി,
ശരിരം കുറച്ചു, തിരുവിടയാടകൾ ചുരുക്കി നിലകൊണ്ടപ്പോൾ
“തിരുമകളെ തിരുമടിയിൽ ചേർത്ത് അഴകൊടിരുത്തി കൊണ്ടെൻ കാളി എന്നു പുരാരി യൊരോമൽ പേരു വിളിച്ചതുകേട്ടു തെളിഞ്ഞരുളീടിന ഭദ്രേ! ജയ ജയ ശ്രീഭദ്രകാളി നിൻ തിരുവ ടിയെ ഞാൻ നമിക്കുന്നേൻ”
കളമെഴുത്തുപാട്ടും ആചാരവും
(എം. എസ്. വേണുഗോപാൽ, പുത്തൻവേലിക്കര മാരാത്ത്)
ദാരിക ദാനവേന്ദ്ര നിഗ്രഹത്തിനായി ഭഗവാൻ ശിവശങ്കരന്റെ തൃക്കണ്ണിൽ നിന്നും
അവതാരം കൈകൊണ്ട് ദേവിയാണ് ശ്രീഭദ്രകാളി. ഈ അവതാര ദേവന്മാർക്കോ ഋഷി
മാർക്കോ ദർശിക്കാൻ സാധിക്കാതെ വന്നതിനാൽ അവരുടെ ആവശ്യപ്രകാരം ഭഗവാൻ
ശ്രീ പരമേശ്വരൻ കൈലാസത്തു നിന്നും കുറിപ്പുമായി (കുറിമാനം) ഒരാളെ ഭൂമി
യിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റുകുറുപ്പ് എന്ന്
അറിയപ്പെട്ടു. ഇവർക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുത്തിന്റെ ആദ്യ ചടങ്ങാണ് കൂറയിടൽ ഇതിനായി നിലവിളക്ക് കൊളുത്തിവച്ച് തൂശനിലയിൽ നെല്ല്
ഉണക്കലരി, നാളി കേരം, വെറ്റില, അടയ്ക്ക, അവിൽ, ശർക്കര, പഴം എന്നിവ ഗണപതി
പ്രസാദമായി വെയ്ക്കുന്നു. തുടർന്ന് മേക്കട്ടിയിൽ വെള്ളവിരിച്ച് ഇഴക്കയർ
പാകുന്നു. ഈ പന്തലിൽ കളമെഴുത്തു നടക്കുന്നു എന്ന് ദേവലോ കത്ത്
അറിയിക്കുന്നതിനായി സംബന്ധിമാരാർ ശംഖു വിളിച്ച് കൊട്ടിയറിയിക്കുന്നു.
അതിനുശേഷം വെള്ള വിരിച്ചതിനടിയിലായി ഇടുന്നതിന് കരുതിയിരിക്കുന്ന
ചുവന്നപട്ട് (ചുവന്നകൂറ) ഇടുന്ന ചടങ്ങാണ്. ഈ പട്ട് ക്ഷേത്ര അധികാരികളും, ദേശക്കാരും ക്ഷേത്രസംബ ന്ധിമാരും കുറുപ്പിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി ക്ഷേത്രനടയിൽ നിന്ന് ചടങ്ങ് നിർവിഘ്നം മംഗളകര മായി. നടത്തിതരണമെന്ന് കാണിക്കയിട്ടു പ്രാർത്ഥിച്ച് ശേഷം കളമെഴുതുന്ന കുറുപ്പിന്റെ കൈയ്യിൽ ഏൽപ്പി ക്കുന്നു. തുടർന്ന് കുറുപ്പ് അവരുടെ അനുമതിയോടെ കൂറയിടുന്നു. അതിനുശേഷം പഞ്ചഭൂതങ്ങളെ പ്രതിനി ധാനം ചെയ്യുന്ന പഞ്ചവർണ്ണ പൊടികളായ കൃഷ്ണപ്പൊടി(കരിപ്പൊടി) അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊ ടി,(വകയില പൊടിച്ചത്) മഞ്ഞപ്പൊടിയും ചുണ്ണാമ്പും വെള്ളവും കൂട്ടി തിരുമ്മി ജലാംശം അധികമില്ലാതെ എടുത്ത് ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സർവ്വാഭരണ വിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളിയുടെ മനോഹരമായ രൂപം എഴുതുന്നു. സാധാരണയായി 8 കൈ, 16 കൈ,എന്നിങ്ങനെയുള്ള ഭദ്രകാളിരൂപമാണ് എഴുതാറുള്ളത്. ഇങ്ങനെയെഴുതി കളത്തിൽ വിളക്കും വെച്ചൊരുക്കും വച്ചു കഴിഞ്ഞ് ക്ഷേത്രാധികാരിയേയോ, വഴിപാടുകാരനെയോ കളം കൈയ്യേൽപ്പിച്ചു കൊടുക്കുന്നു. പീന്നിട് ക്ഷേത്രം മേൽശാന്തി കളംപൂജ ചെയ്ത് ദേവീ ചൈതന്യം ആവാഹിച്ചു വരുത്തുന്നു. കളംപൂജ കഴിഞ്ഞ് തിരി ഉഴിച്ചിലാണ്. അതിനായി ഓട്ടുതളികയിൽ എണ്ണ ഒഴിച്ച് 7 തിരിയിട്ടു അതിൽ തൂശനില വച്ച് നെല്ല്, അരി, പൂവ്, പൂക്കുല എന്നിവ വച്ചു കുറുപ്പ് കളത്തിൽ നിന്നും ദേവിയെ മൂലമന്ത്രത്താൽ ആവാഹിച്ചു കൊണ്ട് കാല്ക്കലും മറ്റു ദിക്കുകളിലും തിരിയുഴിച്ചിൽ നടത്തു ന്നു. തിരിയുഴിച്ചിലിനു ശേഷം കളം പാട്ടാണ്. കളം പാട്ടിനു പന്തലിനെ സ്തുതിച്ചു കൊണ്ടും ഗണപതിയെ സ്തുതിച്ചുകൊണ്ടും, കേശാദിപാദവും പാദാദികേശവും മറ്റു വർണ്ണനകളും പാടി അവസാനം ആയുധങ്ങളെ പറ്റിയും പാടിപാട്ട്
അവസാനിപ്പിക്കുന്നു. പൂക്കിലമാല മാൻ തളിരിണ മാന്തളിർ ചെമ്പരത്തിമാല
എന്ന് തൃപുട താളത്തിൽ തുടങ്ങുന്ന പന്തലലങ്കാരം, ചൊമ്പൊന്നിൻ പുറവടി
വീരലോകൈ തൊഴുന്നേൻ എന്നു രൂപക താള ത്തിൽ തുടങ്ങുന്ന പാദാദികേശം,
കണ്ടസൂരൻ തല തുണ്ടമിടുന്നവൾ…. എന്നു ഏകതാളത്തിൽ തുടങ്ങുന്ന ദാരികയുദ്ധം
എന്നിവ സാധാരണയായി പാടുന്നു. തുടർന്ന്, കളം മായ്ക്കൽ (കളംതൂർപ്പ്)
നടത്തുന്നു. സർവ്വദേവന്മാർക്കും കാണുവാ നായിട്ടു കൂടി നടത്തുന്ന ഈ
കളമെഴുതിക്കാട്ട്, നടത്തുന്ന ആൾക്ക് എല്ലാ ദേവന്മാരുടെ അനുഗ്രഹവും, അതുവഴി
ആഗ്രഹ സാഫല്യവും ഭദ്രകാളി സംപ്രീതിയും ഉണ്ടാകുമെന്ന തിൽ രണ്ടഭിപ്രായമില്ല.
ഭദ്രകാളിയുടെ രൂപമെഴുതിയ പഞ്ചവർണ്ണപ്പൊടി വീട്ടിൽ ശുദ്ധമായ സ്ഥലത്തു
സൂക്ഷിച്ചാൽ മറ്റു ബാധകളിൽ നിന്നും, ഭയങ്ങളിൽ നിന്നും മോചനം
സിദ്ധിക്കുമെന്നുറപ്പ്.

