Attukal Bhagavathi Temple

ആറ്റുകാൽ ഭഗവതി ക്ഷേത്രം

ദേവി ഭക്തനായിരുന്ന മുള്ളുവീട് കുടുംബത്തിലെ ഒരു കാരണവർക്ക് മുന്നിൽ ദേവി ഒരു പെൺകുട്ടിയായി പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം കിള്ളിയാറ്റിൽ സന്ധ്യാവന്ദനം നടത്താറുണ്ടായിരുന്നു. ഒരിക്കൽ, അവിടെവച്ച് ഒരു പെൺകുട്ടി തനിക്ക് ആറ് കടക്കണമെന്ന് ആവശ്യപ്പെട്ടു. അസമയത്ത് ആ പെൺകുട്ടിയെ അവിടെ കണ്ടതിൽ അദ്ദേഹം അത്ഭുതപ്പെട്ടെങ്കിലും, കുട്ടിയെ ആറ് കടക്കാൻ അദ്ദേഹം സഹായിച്ചു. പിന്നീട് ആ കുട്ടിക്ക് എന്തെങ്കിലും ഭക്ഷണം നൽകാമെന്ന് കരുതി അദ്ദേഹം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

എന്നാൽ വീട്ടിലെത്തി നിമിഷങ്ങൾക്കകം ആ പെൺകുട്ടി അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ ദേവി ആ വൃദ്ധന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അടുത്തുള്ള ഒരു കാവിൽ താൻ മൂന്ന് വരകൾ വരച്ചിട്ടുണ്ടെന്നും അവിടെ കുടികൊള്ളാൻ താൻ ആഗ്രഹിക്കുന്നുവെന്നും അരുളിചെയ്തു. പിറ്റേദിവസം അദ്ദേഹം അവിടെ ചെന്ന് നോക്കിയപ്പോൾ പറഞ്ഞ സ്ഥലത്ത് മൂന്ന് വരകൾ കണ്ട് അത്ഭുതപ്പെട്ടു അദ്ദേഹം അതിനു ശേഷം അവിടെ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു.

കാലക്രമേണ, പ്രദേശത്തെ ഏതാനും കുടുംബങ്ങൾക്ക് ക്ഷേത്രത്തിന്റെ ക്ഷേമൈശ്വര്യങ്ങൾ നോക്കിനടത്താനുള്ള ചുമതല നൽകപ്പെട്ടു. 1896-ൽ ക്ഷേത്രം പൂർണ്ണമായും പുനരുദ്ധരിക്കുകയും, പ്ലാവിൻ തടിയിൽ കൊത്തിയെടുത്തതും സാളഗ്രാമം ഉൾക്കൊള്ളുന്നതുമായ ചതുർബാഹുവായ ദേവിയുടെ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. ബദരീനാഥിലെ അന്നത്തെ മുഖ്യപൂജാരിയായിരുന്ന ശ്രീ ശങ്കര ജ്യോത്സ്യരാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.

ശിവ ഭഗവാൻറെ പത്നിയായ പാർവ്വതി ദേവിയുടെ അവതാരമായാണ് കണ്ണകിയെ കണക്കാക്കുന്നത്. പ്രശസ്ത തമിഴ് കാവ്യമായ ‘ചിലപ്പതികാര’ത്തിലെ ഇതിഹാസ നായികയാണ് അവൾ.കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഇളംകോ അടികൾ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഒരു ജൈന കവി-രാജകുമാരനാണ് ഈ കൃതിയുടെ രചയിതാവ്. ചേരരാജാവായിരുന്ന വെൽ കെഴു കുട്ടുവന്റെ സഹോദരനായിരുന്നു ഇദ്ദേഹം എന്ന് കരുതപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ ഐതിഹാസികമായ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായാണ് ഈ കവിത കണക്കാക്കപ്പെടുന്നത്.

പുരാതന ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്തുള്ള കാവേരിപൂംപട്ടണം (പൂംപുഹാർ) എന്ന വലിയ തുറമുഖ നഗരത്തിൽ വെച്ചാണ് കണ്ണകിയും കോവലനും വിവാഹിതരായത്. എന്നാൽ, കൊട്ടാരത്തിൽ നൃത്തം ചെയ്തിരുന്ന മാധവി എന്ന നർത്തകിയെ കാണാനിടയായ കോവലൻ അവളോടൊപ്പം പോയി. ഏറെ കാലത്തിന് ശേഷം, തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചുകൊണ്ട് കോവലൻ വീട്ടിൽ തിരിച്ചെത്തി. കണ്ണകി തന്റെ ഭർത്താവിന് മാപ്പ് നൽകുകയും, ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി അവർ ഏകദേശം 250 കിലോമീറ്റർ അകലെയുള്ള മധുരയിലേക്ക് നടന്നുപോവുകയും ചെയ്തു. അവിടെ വെച്ച്, രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചു എന്ന തെറ്റായ കുറ്റം കോവലന്റെ മേൽ ചുമത്തപ്പെട്ടു. തുടർന്ന് പ്രാദേശിക ഭരണാധികാരിയായ പാണ്ഡ്യ രാജാവ് നീതിരഹിതമായി കോവലനെ വധിക്കാൻ ഉത്തരവിട്ടു.

തന്റെ ഭർത്താവ് നിരപരാധിയാണെന്ന് കണ്ണകി രാജസദസ്സിൽ തെളിയിച്ചു. താൻ ചെയ്ത അനീതിക്ക് ശിക്ഷയായി രാജാവ് സ്വയം ജീവൻ വെടിഞ്ഞു.എങ്കിലും കണ്ണകിയുടെ ക്രോധം അടങ്ങിയില്ല. അവൾ തന്റെ ഇടത്തെ സ്തനം പറിച്ചെടുത്ത് നഗരമതിലിലേക്ക് എറിയുകയും നഗരം കത്തിനശിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. നഗരം അഗ്നിക്കിരയായി. തന്റെ രോഷത്തിൽ അവൾ തെക്ക് ദിശയിലേക്ക് നടന്നു എന്നാണ് പറയപ്പെടുന്നത്. അവിടെയുള്ള ഗോത്രവർഗ്ഗക്കാർ അവളിലെ ദൈവികത തിരിച്ചറിയുകയും അവൾക്കായി ‘പൊങ്കാല’ സമർപ്പിക്കുകയും ചെയ്തു. പിന്നീട് മധുര വിട്ട അവൾ കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ആറ്റുകാലിൽ വിശ്രമിച്ചു.

ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഇടം എന്ന ലോകറെക്കോർഡും ഈ ക്ഷേത്രത്തിനുണ്ട്. 2017-ൽ ഏകദേശം 50 ലക്ഷം സ്ത്രീകൾ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ ഒത്തുചേരുകയുണ്ടായി. ആ സമയത്ത് നഗരം മുഴുവൻ ദേവിക്കായുള്ള ഒരു വലിയ അടുക്കളയായി മാറിയിരുന്നു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം 5 കിലോമീറ്റർ പ്രദേശം സ്ത്രീകൾക്കായി മാത്രമായി സജ്ജീകരിക്കപ്പെടുന്നു. ഈ പുണ്യദിനത്തിൽ തിരുവനന്തപുരത്ത് തടിച്ചുകൂടുന്ന വൻ ജനസഞ്ചയം ഉത്തരേന്ത്യയിലെ കുംഭമേളയെ അനുസ്മരിപ്പിക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന വാർഷിക ചടങ്ങ് എന്ന നിലയിൽ ക്ഷേത്ര ഭാരവാഹികൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് കരസ്ഥമാക്കിയിട്ടുണ്ട്.

ശ്രീകോവിലിനുള്ളിൽ ദേവിയുടെ രണ്ട് വിഗ്രഹങ്ങളുണ്ട്. ശ്രീകോവിലിന്റെ മധ്യത്തിലായി ആറ്റുകാൽ ഭഗവതിയുടെ മൂലവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത് രത്നങ്ങൾ പതിപ്പിച്ച സ്വർണ്ണ കവചത്താൽ പൊതിഞ്ഞതാണ്. മൂലവിഗ്രഹത്തിന് തൊട്ടടുത്തായി ദേവിയുടെ രണ്ടാമത്തെ വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്തനായ സന്യാസി ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ തന്റെ ധ്യാനത്തിന് അനുയോജ്യമായ സ്ഥലമായി ഈ ക്ഷേത്രപരിസരം കണ്ടെത്തിയിരുന്നു.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി നടത്തുന്ന ‘കുത്തിയോട്ടം’ ഈ ക്ഷേത്രത്തിലെ രസകരമായ ഒരു ആചാരമാണ്. ഈ വഴിപാടിൽ പങ്കെടുക്കുന്ന കുട്ടികളെ മഹിഷാസുരമർദ്ദിനിയുടെ പരിക്കേറ്റ സൈനികരായിട്ടാണ് കണക്കാക്കുന്നത്. ഏഴു ദിവസം ക്ഷേത്രത്തിൽ താമസിച്ച്, ഭക്ഷണക്രമീകരണം പാലിച്ച്, ദേവിക്ക് മുൻപിൽ 1,008 തവണ സാഷ്ടാംഗം പ്രണമിക്കുന്ന കഠിനമായ വ്രതാനുഷ്ഠാനമാണിത്.

പതിനൊന്ന് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ താലപ്പൊലി ഉത്സവത്തിൽ പങ്കെടുക്കുന്നു. അവർ കേരളീയ വേഷങ്ങൾ ധരിച്ച്, പൂക്കൾ കൊണ്ട് നിർമ്മിച്ച കിരീടമണിഞ്ഞ്, കൈകളിൽ അടയ്ക്ക, പൂവ്, അരി, തേങ്ങ എന്നിവ നിറച്ച താലമേന്തി വരുംകാല ജീവിതത്തിന് ഐശ്വര്യം തേടി ഘോഷയാത്രയിൽ പങ്കെടുക്കുന്നു.

ഉപദേവതകൾ
  • ഗണപതി
  • ശിവൻ
  • മാടൻ തമ്പുരാൻ

4.30 am – 12.30 pm
5 pm – 8.30 pm

ഉത്സവങ്ങൾ

കുംഭത്തിലെ പത്തു ദിവസത്തെ വാർഷിക ഉത്സവം

Attukal Bhagavathi Temple Official

Nearest railway station: Thiruvananthapuram
Nearest airport: Thiruvananthapuram